അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതി; അംഗങ്ങൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്
ഷീബ വിജയൻ
കൊച്ചി: 'അമ്മ' സംഘടനയിൽ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ അഞ്ചംഗ പാനൽ രൂപീകരിക്കാൻ തീരുമാനമായി. സമിതിയിൽ ആരാണുള്ളതെന്ന കാര്യം ഇമെയിലിലൂടെ അറിയിക്കുമെന്നും ടിനി ടോമിനെതിരെ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നതായിരുന്നു അൻസിബയുടെ ആവശ്യമെന്നും 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചംഗ സമിതിയിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ സംഘടനയ്ക്ക് പുറത്തുനിന്നുള്ള മൂന്ന് അംഗങ്ങളുമുണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും ഈ പാനലിൽ ഉൾപ്പെടുക.
സംഘടനയിലുള്ള ചിലയാളുകൾ അനുവാദമില്ലാതെ ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നതായും മാധ്യമങ്ങളെ കണ്ട ഇസി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നിയമപരമായി കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ ഒരു വശം മാത്രമാണ് അറിയുന്നതെന്നും സത്യമായിട്ടുള്ള കഥ ആർക്കും അറിയില്ലെന്നും പറഞ്ഞ ശ്വേത, സംഘടനയുടെ ജനറൽ ബോഡി മുൻപാകെയാണ് പരാതി എടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. വാച്ച്മാനുമായി ജനറൽ സെക്രട്ടറി സംസാരിച്ച ഒരു ഓഡിയോ ലീക്കായിരുന്നു. അത് ജനറൽ സെക്രട്ടറിയുടെ പേഴ്സണൽ ഫോണിൽ നിന്നാണ് ലീക്കായതെന്നും താനാണ് ആ വോയ്സ് മാല പാർവതിക്ക് കൊടുത്തതെന്ന് ജനറൽ സെക്രട്ടറി സമ്മതിച്ചിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതായും ശ്വേത മേനോൻ പറഞ്ഞു. രമ്യമായി തന്നെയാണ് കാര്യങ്ങൾ കേട്ടതെന്നും മീഡിയ മുൻപാകെ വന്ന കാര്യങ്ങളല്ല സത്യമെന്നും അവർ വ്യക്തമാക്കി. ഇതൊരു ചാരിറ്റി സംഘടനയാണെന്നും അതിലെ ഓരോ അംഗങ്ങളും ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ ചെയ്യാൻ പറ്റില്ലെന്നും വ്യക്തമാക്കിയ പ്രസിഡന്റ്, അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും നാലഞ്ച് ദിവസത്തിനുള്ളിൽ എല്ലാവരും മറുപടി നൽകേണ്ടതുണ്ടെന്നും അറിയിച്ചു. ഓഡിയോ ലീക്കായത് സംബന്ധിച്ചുള്ള ബാക്കി നടപടികൾ ഇസിയാണ് തീരുമാനിക്കുക.
aqswwsqaw

