പാറ്റ'കളുടെ പാർട്ടിക്ക് പ്രകാശ് രാജിന്റെ കൈത്താങ്ങ്; 'അട്ട'യെന്ന് വിളിച്ച് സോഷ്യൽ മീഡിയയിൽ എയറിലാക്കി ട്രോളന്മാർ!
ഷീബ വിജയൻ
സിജെപിയെ പിന്തുണച്ച് രംഗത്തെത്തിയ നടൻ പ്രകാശ് രാജിന് സോഷ്യൽ മീഡിയയിൽ വിമർശനവും പരിഹാസവും. ജൂൺ ആറിന് ഡൽഹിയിൽ സിജെപി സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധത്തിന് താൻ എത്താൻ ശ്രമിക്കുമെന്ന് പ്രകാശ് രാജ് എക്സിലൂടെ വ്യക്തമാക്കിയിരുന്നു. കോക്രോച്ച് പ്രസ്ഥാനത്തോടുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആറാം തീയതി അവിടെയെത്താൻ ശ്രമിക്കുമെന്നും മുൻകൂട്ടി നിശ്ചയിച്ച ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദൂരെയായതിനാൽ പരമാവധി എത്താൻ ശ്രമിക്കുമെന്നുമാണ് അദ്ദേഹം കുറിച്ചത്. എല്ലാ കുഞ്ഞു പാറ്റകളും അവിടെയെത്തണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. തങ്ങൾക്ക് പിന്തുണ അറിയിച്ചതിന് കോക്രോച്ച് പാർട്ടി പ്രകാശ് രാജിന് നന്ദി അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളെയടക്കം ശനിയാഴ്ച നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമാകാൻ കോക്രോച്ച് ജനതാ പാർട്ടി വക്താക്കൾ ക്ഷണിക്കുന്നുണ്ട്.
അതേസമയം പ്രകാശ് രാജ് പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പാറ്റകൾ അവിടെ ഇഴഞ്ഞു കയറും പക്ഷേ ആരാണ് അവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നും, നിങ്ങൾ എന്ത് ചെയ്താലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്നും ചിലർ കുറിച്ചപ്പോൾ, നിങ്ങൾ ചെറിയ പാറ്റയൊന്നുമല്ല പിന്നെന്തിനാണ് പോകുന്നതെന്നും അത് പാറ്റകൾക്കുള്ള പ്രസ്ഥാനമാണ് അട്ടകൾക്കുള്ളതല്ലെന്നുമുള്ള വിമർശനങ്ങളും ഉയർന്നു. ഈ രാജ്യത്തിനു വേണ്ടി നട്ടെല്ല് കാണിച്ചതിന് നന്ദിയെന്നും ബാക്കി എല്ലാ സെലിബ്രിറ്റികളും ഉറങ്ങുകയാണെന്നും പ്രകാശ് രാജിനെ അനുകൂലിച്ചും കമന്റുകളുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം അഭിജിത് ദീപ്‌കെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് ശനിയാഴ്ച നടക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ സംവിധാനത്തിലെ വീഴ്ചകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് പാർട്ടി വലിയ പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്.
qweqweqw

