പിള്ളേർ ഇനി റോഡ് ഭരിക്കും! നിറം മാറ്റാം, സൺ ഫിലിം ഒട്ടിക്കാം; പച്ചക്കൊടി കാട്ടി എം.വി.ഡി


ഷീബ വിജയൻ

തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് കാണിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. സർക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. വാഹനങ്ങളുടെ നിറം മാറ്റുന്നതിന് പണം അടക്കുകയും പ്രത്യേക അനുമതിയും വാങ്ങുകയും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അധിക സ്പീക്കറുകളും ഘടിപ്പിക്കാം. ഇതുസംബന്ധിച്ച് ഗതാഗത കമീഷൻ പഠന റിപ്പോർട്ട് തയാറാക്കി. സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റീയറിങ് വീൽ കവർ, ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, ജി.പി.എസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് തുടങ്ങി സൺ ഫിലിംസ് വരെയുള്ളവക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നൽകുന്നത്. മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വാഹനപ്രേമികളുടെ ഇടയിൽ വി.ഡി. സതീശന്റെ പ്രഖ്യാപനം വൈറലായിരുന്നു. മോഡിഫിക്കേഷനെ പറ്റിയുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ 'പൂക്കി' ചിരി സമൂഹമാധ്യമങ്ങളിൽ തരംഗമായത്. അതേസമയം, വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെയും സുപ്രീംകോടതിയുടെയും നിയമങ്ങൾ വെല്ലുവിളിയുയർത്തുന്നുണ്ട്. വാഹനങ്ങൾക്ക് രൂപമാറ്റം അനുവദിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണ്. കേന്ദ്ര സർക്കാറിന്റെ മോട്ടോർ വാഹന നിയമവും സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകളും വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യുന്നതിന് എതിരാണ്. റോഡ് സുരക്ഷയെയും പരിസ്ഥിതിയെയും പരിഗണിക്കാതെയുള്ള ഒരിളവും നിയമം അനുവദിക്കില്ലെന്ന് സുപ്രീംകോടതി മുമ്പ് വ്യക്തമാക്കിയതാണ്. വാഹന നിർമാതാക്കൾ അനുവദിക്കുന്ന മോഡിഫിക്കേഷന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാൻ സാധിക്കില്ലെന്നാണ് 1988 ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52ൽ പറയുന്നത്. കേരള മോട്ടോർ വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതി നൽകിയ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് തള്ളി 2019 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിർണായകമാണ്. ഇത് മറികടന്ന് എങ്ങനെ മോഡിഫിക്കേഷൻ സാധ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ ചോദ്യം. അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാനും മോഡിഫിക്കേഷൻ കാരണമാകുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.

അനുമതി ആവശ്യമില്ലാത്ത മോഡിഫിക്കേഷനുകള്‍: സീറ്റ് കവര്‍, ഫ്ലോര്‍ മാറ്റ്, സ്റ്റിയറിങ് വീല്‍ കവര്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍, ബോഡി സ്റ്റിക്കറുകള്‍, ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിങ് സെന്‍സര്‍, ജി.പി.എസ് ട്രാക്കര്‍, ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം, അഡീഷണല്‍ സ്പീക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്കുകള്‍, റൂഫ് കാരിയറുകള്‍, 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം എന്നിവയാണ്.

ആര്‍.സിയില്‍ മാറ്റംവരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷൻ: വാഹനത്തിന്റെ നിറം മാറ്റല്‍, എന്‍ജിന്‍ മാറ്റല്‍, എല്‍.പി.ജി/സി.എന്‍.ജി കിറ്റ് വെക്കല്‍, ഇലക്ട്രിക്കാക്കി മാറ്റല്‍, ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍, ഷാസി ഫ്രെയിം മാറ്റല്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2019 ലെ സുപ്രീംകോടതി വിധി: മോഡിഫിക്കേഷൻ തടഞ്ഞ 2006 ലെ കേരള ട്രാൻസ്‌പോർട്ട് കമീഷണറുടെ സർക്കുലർ ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് നൽകിയ അപ്പീലിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് രൂപമാറ്റത്തെ വിലക്കുന്നതായിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് നിർമിക്കാൻ സാധിക്കില്ലെന്നായിരുന്നു അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട്. തുടർന്ന് സുപ്രീംകോടതി കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

article-image

eqweqweaweq

You might also like

  • Lulu Exchange
  • Straight Forward

Most Viewed