ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; സാമ്പത്തിക സ്ഥിതി ഗുരുതരം
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്നത് ഗുരുതര ധനകാര്യ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കി കേരളത്തിന്റെ ധനകാര്യ ധവളപത്രം നിയമസഭയിൽ. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നതായും ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ പറയുന്നു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 2025ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താൻ RBI നൽകുന്ന താൽക്കാലിക വായ്പയെയും 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയും ആശ്രയിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കണം. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയർന്നു. കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിൽ. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടാൻ ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
asdadsdssadew

