കെ.എം. ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം; അയോഗ്യത നീക്കി സുപ്രീം കോടതി
ഷീബ വിജയൻ
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഷാജിക്ക് ആറ് വർഷത്തെ അയോഗ്യത കല്പിച്ച ഹൈക്കോടതി നടപടി അതിന്റെ അധികാരപരിധി മറികടന്നുള്ളതാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടെത്തിയാൽ ആ വ്യക്തിയെ അയോഗ്യനാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിഷയം രാഷ്ട്രപതിക്ക് വിടുകയായിരുന്നു ഹൈക്കോടതി ചെയ്യേണ്ടിയിരുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2016-ലെ തിരഞ്ഞെടുപ്പിൽ മതസ്പർധ വളർത്തുന്ന രീതിയിൽ ലഘുലേഖകൾ വിതരണം ചെയ്ത് വോട്ട് പിടിച്ചെന്ന ആരോപണത്തെത്തുടർന്നാണ് 2018-ൽ ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയതും ആറ് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതും. ഇതിനെതിരെ എതിർസ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
2016-ലെ നിയമസഭയുടെ കാലാവധി 2021-ൽ അവസാനിച്ചതിനാൽ, തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ പഴയ കണ്ടെത്തലുകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും കോടതി വിലയിരുത്തി. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കെ.എം. ഷാജിക്ക് മത്സരിക്കാനുള്ള നിയമതടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
defadefdfa


