ക്ഷേമപദ്ധതികളും ശമ്പളപരിഷ്കരണവും; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ധനമന്ത്രി
ഷീബ വിജയൻ
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ സാധാരണക്കാരെയും സർക്കാർ ജീവനക്കാരെയും തൃപ്തിപ്പെടുത്തുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതി വർദ്ധനവുകൾ ഒഴിവാക്കിയും ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകിയുമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം രണ്ട് മണിക്കൂറും 53 മിനിറ്റും നീണ്ടുനിന്ന പ്രസംഗം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരണമായി മാറി.
സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. കുടിശ്ശികയുള്ള മുഴുവൻ ഡി.എയും നൽകാൻ സർക്കാർ തീരുമാനിച്ചു; ഇതിന്റെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കൂടാതെ, പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുമെന്നും പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ ഒന്നു മുതൽ 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ആശ, അങ്കണവാടി പ്രവർത്തകരുടെ വേതനം വർദ്ധിപ്പിച്ചതും വയോജനക്ഷേമത്തിനായി പ്രത്യേക 'എൽഡേർലി ബജറ്റ്' അവതരിപ്പിച്ചതും ശ്രദ്ധേയമാണ്. ക്ഷേമപെൻഷൻ വിതരണത്തിനായി 14,500 കോടി രൂപയാണ് വകയിരുത്തിയത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നിർണ്ണായകമായ ഇടപെടലുകൾ ബജറ്റിലുണ്ട്. അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിക്കായി തുക നീക്കിവെച്ചു. 12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും. കെ-റെയിലിന് പകരമായി ആർ.ആർ.ടി.എസ് അതിവേഗ റെയിൽ പാതയെക്കുറിച്ചുള്ള സൂചനകളും ബജറ്റിലുണ്ട്.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ കടമെടുപ്പ് പരിധിയും റവന്യൂ ഗ്രാന്റും വെട്ടിക്കുറച്ച് കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വർഷം മാത്രം 17,000 കോടി രൂപയുടെ കുറവുണ്ടായെന്നും കിഫ്ബിയെ തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ പ്രതിപക്ഷം ഒത്തൊരുമ കാട്ടുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
fgref


