ഇത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്; അടുത്തത് യു.ഡി.എഫ് സർക്കാരിന്റെ ബജറ്റാകുമെന്ന് വി.ഡി. സതീശൻ
ഷീബ വിജയൻ
സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് യാതൊരു പ്രസക്തിയുമില്ലാത്തതും ജനങ്ങളെ കബളിപ്പിക്കുന്നതുമായ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കാനോ ഒരു രൂപ പോലും ചെലവഴിക്കാനോ ഈ സർക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങൾ ഉത്തരവായി വരുമ്പോഴേക്കും സർക്കാരിന്റെ കാലാവധി കഴിയുമെന്നും, 2026-27 വർഷത്തെ യഥാർത്ഥ ബജറ്റ് യു.ഡി.എഫ് സർക്കാരാകും അവതരിപ്പിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. എൽ.ഡി.എഫ് ഇനി അധികാരത്തിൽ വരില്ലെന്ന് അവർക്ക് തന്നെ ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതെന്ന് സതീശൻ പരിഹസിച്ചു.
പദ്ധതി വിഹിതത്തിന്റെ 38 ശതമാനം മാത്രമാണ് സർക്കാർ ചെലവാക്കിയതെന്നും ട്രഷറി നിയന്ത്രണം മൂലം വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2500 രൂപ പെൻഷൻ നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച സർക്കാർ, ശമ്പള കമ്മീഷനെയും ഡി.എ കുടിശ്ശികയെയും കുറിച്ചുള്ള ബാധ്യതകൾ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്. വന്യജീവി ശല്യം, ലൈഫ് മിഷൻ, നെല്ല് സംഭരണം തുടങ്ങിയ മേഖലകളിലെല്ലാം പരാജയപ്പെട്ട സർക്കാർ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ആശ വർക്കർമാർക്ക് ഇപ്പോൾ തുക വർദ്ധിപ്പിച്ചത്. ബജറ്റിലെ കണക്കുകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും സതീശൻ ചോദിച്ചു.
esfdsfdsdfs


