യൂറോപ്യൻ വ്യാപാര കരാറിൽ ചൈനയെ വെട്ടിച്ച് ഇന്ത്യ; വാഹന ഇറക്കുമതിയിൽ കർശന നിയന്ത്രണം
ഷീബ വിജയൻ
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ മറവിൽ ചൈനീസ് കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് കടന്നുകയറുന്നത് തടയാൻ ഇന്ത്യ കർശന നടപടി സ്വീകരിച്ചു. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നൽകുന്ന താരിഫ് ഇളവ് ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബി.വൈ.ഡി പോലുള്ള കമ്പനികൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നീക്കം. കരാറിലെ ആനുകൂല്യങ്ങൾ യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ സ്വന്തമായ എട്ട് വാഹന നിർമ്മാണ കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ ആശങ്ക പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. കരാർ പ്രകാരം പത്ത് വർഷത്തിനുള്ളിൽ നിശ്ചിത എണ്ണം ഇലക്ട്രിക്, പെട്രോൾ വാഹനങ്ങൾ കുറഞ്ഞ തീരുവയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ആദ്യ വർഷം 110 ശതമാനമായിരുന്ന താരിഫ് 30-35 ശതമാനമായും അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനമായും കുറയ്ക്കും. എന്നാൽ, 16.5 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ. ആഭ്യന്തര വിപണിയെ ബാധിക്കാത്ത തരത്തിൽ വിദേശ കമ്പനികളുടെ കടന്നുകയറ്റം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
fgghghgh


