പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചിട്ട് നമ്മക്കിട്ട് വെച്ചു; വോട്ടർമാർക്കെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം. മണി
ഷീബ വിജയ൯
തൊടുപുഴ: തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ വോട്ടർമാരെ അധിക്ഷേപിച്ച് എം.എം. മണി എം.എൽ.എ. രംഗത്തെത്തി. ക്ഷേമ പെൻഷൻ വാങ്ങി ഭക്ഷണം കഴിച്ചവർ നന്ദികേട് കാണിച്ചതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിൻ്റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, ഇഷ്ടം പോലെ തിന്നിട്ട് നേരെ എതിരെ വോട്ടുചെയ്താൽ അതിൻ്റെ പേര് ഒരുമാതിരി പെറപ്പുകേട് എന്ന് പറയും. നിങ്ങൾ എനിക്ക് ശാപ്പാടും ചായയും മേടിച്ചു തന്നാൽ, അതിനൊരു മര്യാദ കാണിക്കണ്ടേ?" - എം.എം. മണി ചോദിച്ചു.
നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ മണി നടത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെയും കോൺഗ്രസ് മുൻ എം.പി. പി.ജെ. കുര്യനെയും അദ്ദേഹം അധിക്ഷേപിച്ചിരുന്നു. ഡീൻ കുര്യാക്കോസിനെ 'ഷണ്ഡൻ' എന്ന് വിശേഷിപ്പിക്കുകയും പി.ജെ. കുര്യൻ 'പെണ്ണുപിടിയനാണ്' എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇത്തരം അധിക്ഷേപ പരാമർശങ്ങളെ ഇടതുനേതാക്കൾ പലപ്പോഴും 'നാടൻ ഭാഷാ ശൈലി' എന്ന് വിശേഷിപ്പിച്ച് അനുകൂലിച്ചിരുന്നു.
SASAASA
