വയോധികയുടെ ബാങ്ക് കാർഡ് കവർന്ന് ഫോൺ വാങ്ങി; വീട്ടുജോലിക്കാരിക്കും ഡ്രൈവർക്കും മൂന്ന് വർഷം തടവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈനി സ്വദേശിയായ വയോധികയുടെ ഡെബിറ്റ് കാർഡ് മോഷ്ടിച്ച് സ്മാർട്ട്ഫോൺ വാങ്ങിയ കേസിൽ വീട്ടുജോലിക്കാരിക്കും ഡ്രൈവർക്കും ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. വയോധികയുടെ ഇലക്ട്രോണിക് സിഗ്നേച്ചർ (പിൻ നമ്പർ) അനധികൃതമായി ഉപയോഗിച്ച് 295 ബഹ്‌റൈനി ദിനാർ വിലയുള്ള ഫോൺ വാങ്ങിയ കുറ്റത്തിനാണ് ഇന്ത്യൻ സ്വദേശികളായ പ്രതികളെ കോടതി ശിക്ഷിച്ചത്.
വയോധികയുടെ പേരക്കുട്ടി നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അക്കൗണ്ടിലെ ബാലൻസ് 300 ദിനാറിൽ നിന്നും വെറും 34 ദിനാറായി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ട പേരക്കുട്ടി ബാങ്കുമായി ബന്ധപ്പെടുകയും പണം ചിലവായതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഫോൺ വാങ്ങിയ ഹൈപ്പർമാർക്കറ്റിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ പരിശോധിച്ചപ്പോൾ അത് വീട്ടിലെ ഡ്രൈവറുടേതാണെന്ന് തിരിച്ചറിഞ്ഞു.
പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ ഡ്രൈവർ കാർഡ് ഉപയോഗിച്ച് സാധനം വാങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. ചോദ്യം ചെയ്യലിൽ, ജോലിക്കാരിയെ ഉപയോഗിച്ച് കാർഡും പിന്നും മോഷ്ടിച്ചതാണെന്നും, ഫോൺ വിറ്റ് പണം നാട്ടിലേക്ക് അയക്കാനായിരുന്നു പദ്ധതിയെന്നും പ്രതികൾ സമ്മതിച്ചു.
asf


