കുറ്റവാളികളായ വിദേശികളുടെ നാടുകടത്തൽ വൈകിപ്പിക്കാനുള്ള നിർദ്ദേശം ബഹ്റൈൻ പാർലമെന്ററി സമിതി തള്ളി
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശികൾ തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നത് വരെ നാടുകടത്തൽ വൈകിപ്പിക്കണമെന്ന പീനൽ കോഡിലെ ഭേദഗതി നിർദ്ദേശം പാർലമെന്ററി സമിതി നിരസിച്ചു. കടം നൽകിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതി കൊണ്ടുവന്നതെങ്കിലും, ഇത് പൊതു സുരക്ഷയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വെല്ലുവിളിയാകുമെന്ന് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വിലയിരുത്തി. സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി കണ്ടെത്തുന്ന വ്യക്തികളെ സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് അപകടകരമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
കൂടാതെ, നാടുകടത്തൽ ഒഴിവാക്കുന്നതിനായി കുറ്റവാളികൾ വ്യാജമായ കടബാധ്യതകൾ കെട്ടിച്ചമച്ച് നിയമത്തെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സമിതി നിരീക്ഷിച്ചു. കടം തിരിച്ചുപിടിക്കാൻ നിലവിൽ തന്നെ സിവിൽ, വാണിജ്യ നിയമങ്ങളിൽ സംവിധാനങ്ങളുണ്ടെന്നിരിക്കെ പീനൽ കോഡിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സമിതിയുടെ നിലപാട്. ഗവൺമെന്റ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ, നീതിന്യായ മന്ത്രാലയം എന്നിവരും ഈ ഭേദഗതിയെ എതിർത്തു. പണം നൽകാൻ താല്പര്യമില്ലാത്ത കുറ്റവാളികൾക്ക് രാജ്യത്ത് തുടരാൻ ഈ നിയമം പഴുതൊരുക്കുമെന്ന് സുപ്രീം ജുഡീഷ്യൽ കൗൺസിൽ മുന്നറിയിപ്പ് നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ, കടം വെട്ടിച്ച് കടന്നുകളയുന്നത് തടയാൻ വ്യക്തമായ നിയമം വേണമെന്ന നിലപാടാണ് ബഹ്‌റൈൻ ബാർ അസോസിയേഷൻ സ്വീകരിച്ചത്.
sdfsdf


