ദിലീപിനെ വെറുതെ വിട്ടു, തെളിവില്ലെന്ന് കോടതിയുടെ കണ്ടെത്തൽ


ഷീബ വിജയ൯

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ നടൻ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം ജില്ലാ കോടതി ഇന്ന് വിധി പറഞ്ഞു. അഞ്ചു വർഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങൾക്കും ശേഷമാണ് കേസിൽ വിധി വരുന്നത്. ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്.

ദിലീപ് കേസിലെ എട്ടാം പ്രതിയായിരുന്നു. എൻ.എസ്. സുനിൽ (പൾസർ സുനി) ആണ് കേസിലെ ഒന്നാം പ്രതി. മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ്, സനിൽകുമാർ (മേസ്തിരി സനിൽ), ജി. ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ബലാത്സംഗ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.

ലൈംഗിക പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, അശ്ലീല ചിത്രമെടുക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. പ്രമുഖ നടീനടൻമാരടക്കം 261 സാക്ഷികളുള്ള കേസിൽ 28 പേർ മൊഴി മാറ്റി. 142 തൊണ്ടികൾ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസമെടുത്തു. കേസിലെ പ്രതികൾക്കെല്ലാം നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

മുൻ വൈരാഗ്യത്തിന്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും, കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെ മറ്റ് ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരുന്നു. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ടായിരുന്നു. ആലുവ പാലസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. അറസ്റ്റിന് തൊട്ടുപിന്നാലെ താരസംഘടന 'അമ്മ' ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു. 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ദിലീപിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.

article-image

assaasw

You might also like

  • Straight Forward

Most Viewed