മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത്; വിധിക്ക് ശേഷം ആദ്യപ്രതികരണവുമായി ദിലീപ്


ഷീബ വിജയ൯
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെറുതെ വിട്ടതിന് ശേഷം പ്രതികരണവുമായി നടൻ ദിലീപ് രംഗത്തെത്തി. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് ദിലീപ് പറഞ്ഞു. "ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്. ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞതിൽ നിന്നാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ക്രിമിനൽ പോലീസുകാരും ചേർന്നാണ് എന്നെ വേട്ടയാടിയത്. അതിനായി മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പോലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പോലീസ് സംഘം അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇന്ന് കോടതിയിൽ പോലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു. ഈ കേസിൽ എന്നെ പ്രതിയാക്കാനാണ് യഥാർഥത്തിൽ ഗൂഢാലോചന നടന്നത്. എന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത്. എനിക്ക് വേണ്ടി പ്രാർഥിച്ച, കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും നന്ദി പറയുന്നു. അഡ്വ. രാമൻപിള്ളയോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും," ദിലീപ് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് ഇന്നാണ് കോടതി കണ്ടെത്തിയത്. ഗൂഢാലോചനക്ക് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൾസർ സുനിക്ക് പുറമെ, മാർട്ടിൻ ആന്റണി, മണികണ്ഠൻ ബി, വി.പി. വിജീഷ്, സലീം (വടിവാൾ സലീം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറു പ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

article-image

sasadsadsa

You might also like

  • Straight Forward

Most Viewed