പൊലീസ് മർദനം ചർച്ച ചെയ്യും: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി

ഷീബ വിജയൻ
തിരുവനന്തപുരം I സമൂഹം വലിയ തോതിൽ ചർച്ച ചെയ്യുന്ന പൊലീസ് മർദനത്തെ കുറിച്ച് നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ. പൊലീസ് മർദനത്തെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് സർക്കാർ ചർച്ചക്ക് തയാറായത്. ഇന്ന് ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ചയാണ് നടക്കുക. പൊലീസ് മർദനം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത് പ്രതിപക്ഷ എം.എൽ.എയായ റോജി എം. ജോൺ ആണ്. സമൂഹം വലിയ തോതിൽ ചർച്ച ചെയ്ത വിഷയമായതിനാൽ നിയമസഭയും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങൾ ആഭ്യന്തര വകുപ്പിനെയും ഇടത് സർക്കാറിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് പിണാറായി സർക്കാർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സമ്മതിച്ചത്.
അതേസമയം, പൊലീസ് അതിക്രമങ്ങളെ ഇന്നലെ നടന്ന എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി ന്യായീകരിച്ചെന്നാണ് വിവരം. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഉയര്‍ന്ന പരാതികളും വിവാദങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മുന്‍കാലങ്ങളില്‍ ഉയര്‍ന്ന പരാതികളിലൊക്കെ സ്ഥലംമാറ്റം ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസുകാരെ പിരിച്ചുവിട്ടതടക്കം സര്‍ക്കാറിന്റെ കര്‍ക്കശ നടപടികളും യോഗത്തിൽ വിശദീകരിച്ചു.
ERSSDDDFR