കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും: വെള്ളാപ്പള്ളി

ഷീബ വിജയൻ
കൊച്ചി I കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താൻ പറയാനുള്ളത് പറയുമെന്നും നമ്മൾ തുറന്നു പറഞ്ഞാൽ ജാതി, മറ്റുള്ളവർ പറഞ്ഞാൽ നീതിയെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യം തുറന്നു പറഞ്ഞാൽ എന്‍റെ കോലം കത്തിക്കുന്നു. കോലം കത്തിച്ചാലും എന്‍റെ നിലപാട് മാറില്ല. ഞാൻ തീയിൽ കുരുത്തവനാണ്, വെയിലത്ത് വാടില്ല. മുസ്‌ലിം സമുദായത്തോട് ഒരു വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗം കൊച്ചി യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് അദ്ദേഹം വീണ്ടും വിവാദ പരാമർശം നടത്തിയത്. മുട്ടാളൻമാരുടെ മുമ്പിൽ മുട്ടുമടക്കില്ല. ക്രിസ്ത്യാനിയും മുസ്‌ലീമും നായരും നന്നായി ജീവിക്കണം. മുസ്‌ലിംകൾക്കിടയിൽ പല കാര്യങ്ങളിൽ തർക്കമുണ്ടെങ്കിലും സമുദായകാര്യങ്ങൾ വരുമ്പോൾ അവർ ഒന്നിക്കും. മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെന്നു പറയുന്ന നില വരെ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നുപന്തലിച്ചു. അസംഘടിത സമുദായം തകർന്ന് താഴെ വീണു. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇവിടെ ജനാധിപത്യം മരിച്ചു, മതാധിപത്യത്തിലേക്ക് നമ്മൾ എത്തി. ഒരു ഈഴവനെയും ഇവിടെ വളരാൻ അനുവദിക്കുന്നില്ല. കേരളത്തിൽ ആർ. ശങ്കറിനെയും വി.എസ്. അച്യുതാനന്ദനെയും ഗൗരിയമ്മയെയും ആക്രമിച്ചില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. പിണറായി വിജയന് ശേഷം ഇനി ഒരു 100 കൊല്ലത്തേക്ക് ഒരു ഈഴവൻ കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.
VBVBVC