ഗുരുപൂജ സംസ്ക്കാരത്തിന്‍റെ ഭാഗം, അതിൽ ഒരു തെറ്റുമില്ല, പാദപൂജയെ ന്യായീകരിച്ച് ഗവർണർ

ഷീബ വിജയൻ
തിരുവനന്തപുരം I ഗുരുപൂര്‍ണിമ ദിനത്തില്‍ വിദ്യാര്‍ഥികൾ പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതില്‍ ഒരുതെറ്റുമില്ലെന്നും ചിലർ അതിനെ എതിർക്കുകയാണെന്നും ബാലഗോകുലത്തിന്‍റെ പരിപാടിയിൽ സംസാരിച്ചുകൊണ്ട് കേരള ഗവർണർ പറഞ്ഞു. പൈതൃകം കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്. കുട്ടികള്‍ സനാതന ധര്‍മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഗവർണർ ചോദിച്ചു. സ്‌കൂളുകളില്‍ ഗുരുപൂജ നടത്തിയതില്‍ എന്താണ് തെറ്റ്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. ഈ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവുമാണ് ഗുരുപൂജയെന്നും ഗവർണർ പറഞ്ഞു.
ഗുരുപൂര്‍ണിമദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ വിവിധ യുവജനസംഘടനകളും വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പാദപൂജ’യെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച സംഭവം അപലപനീയമാണെന്നും വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു.
DSDGSGSFGS