ഗസ്സയിലേക്ക് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ
ഗസ്സയിലേക്ക് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യു.എസ് നിർമിച്ച താൽക്കാലിക തുറമുഖത്തിലൂടെയാണ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ എത്തിച്ചത്. 33,000 പേർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങളാണ് ഗസ്സയിൽ എത്തിച്ചതെന്നും ജോ ബൈഡൻ അറിയിച്ചു. എക്സിലൂടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.യു.എസ് എയ്ഡുമായി ചേർന്ന് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തിച്ചു. പോഷസമ്പുഷ്ടമായ ഫുഡ് ബാറുകൾ, റെഡി ടു ഈറ്റ് ഉൽപന്നങ്ങൾ എന്നിവയെല്ലാം ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പടെ 11,000 പേർക്ക് ഉപയോഗിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചത്.
33,000 പേർക്ക് വേണ്ട സൗകര്യങ്ങൾ ഗസ്സയിൽ എത്തിച്ചിട്ടുണ്ടെന്ന് ബൈഡൻ എക്സിൽ കുറിച്ചു. ഇസ്രായേലുമായി ചേർന്ന് കരമാർഗം കൂടുതൽ സഹായം നൽകുന്നതിന് ശ്രമിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. മാനുഷിക സഹായ വസ്തുക്കൾ എത്തിക്കാനായി അമേരിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗസ്സ തീരത്ത് നിർമിച്ച താൽക്കാലിക തുറമുഖം തുറന്നിരുന്നു. 32 കോടി ഡോളർ ചെലവിലാണ് തുറമുഖം നിർമിച്ചത്. ഇതുവഴി എത്തിച്ച ആദ്യ ലോഡ് സഹായവസ്തുക്കളുടെ വിതരണം ആരംഭിച്ചു. വിവിധ രാജ്യങ്ങളുടെ ഏകോപനത്തിൽ സഹായവിതരണത്തിന് ശ്രമം നടക്കുന്നുണ്ട്.അതിനിടെ ഇസ്രായേലിന്റെ എല്ലാ അക്രമങ്ങൾക്കും പിന്തുണ നൽകി അമേരിക്ക അൽപം ഭക്ഷണം തന്ന് കണ്ണിൽ പൊടിയിടുകയാണെന്ന് ഫലസ്തീനികൾ ആരോപിക്കുന്നു. കര അതിർത്തികൾ തുറക്കുകയാണ് സഹായ വിതരണത്തിനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വഴി. ആത്മാർഥതയുണ്ടെങ്കിൽ അമേരിക്ക അതിന് സമ്മർദം ചെലുത്തണമെന്ന് സഹായ വിതരണത്തിന് തയാറായ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
sdfds