ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 12 മരണം

വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ ഇസ്രേലി ടാങ്കുകൾ ആശുപത്രി പരിസരത്തെത്തി. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. രോഗികളും പരിക്കേറ്റവരും ജീവനക്കാരും അടക്കം എഴുനൂറോളം പേർ ആശുപത്രിയിലുണ്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇസ്രേലി ടാങ്കുകൾ ആശുപത്രിയുടെ 20 മീറ്റർ അടുത്തെത്തിയതായി ആശുപത്രി ഡയറക്ടർ ഡോ. മാർവാൻ അൽ സുൽത്താൻ പറഞ്ഞു. അതേസമയം, ഇന്തോനേഷ്യൻ ആശുപത്രിയിലെ ആക്രമണത്തെക്കുറിച്ച് ഇസ്രേലി സേന പ്രതികരിച്ചില്ല. ഗാസയിലുടനീളം ഭീകരകേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നതായിട്ടാണ് അറിയിച്ചത്. ആശുപത്രി ആക്രമിച്ചതിനെ ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി രെത്നോ മർസൂദി അപലപിച്ചു.
ഇന്തോനേഷ്യൻ ഫണ്ടുകൊണ്ട് 2016ലാണ് ആശുപത്രി നിർമിച്ചത്. തെക്കൻ ഗാസയിലെ റാഫയിൽ അബു യൂസഫ് അൽ നജ്ജർ ആശുപത്രിക്കു സമീപം ഭവനങ്ങൾക്കു നേർക്കുണ്ടായ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 15 പേർ കൊല്ലപ്പെട്ടതായും പലസ്തീൻ വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്തു.
േ്േി്