എപ്സ്റ്റീൻ ഫയലുകളിൽ ദലൈ ലാമയുടെ പേരും; വിശദീകരണവുമായി ഓഫീസ്
ശാരിക l വിദേശകാര്യം
ന്യൂയോർക്ക്: അന്താരാഷ്ട്രതലത്തിൽ ചർച്ചയായ ജെഫ്രി എപ്സ്റ്റീൻ ലൈംഗിക അതിക്രമ കേസുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ പേരും പരാമർശിക്കപ്പെട്ടതായി റിപ്പോർട്ട്. ഏകദേശം 150-ലേറെ തവണയാണ് രേഖകളിൽ അദ്ദേഹത്തിന്റെ പേര് കടന്നുവരുന്നത്. ചൈനീസ് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്ത ഈ വിവരം പിന്നീട് വാർത്താ ഏജൻസിയായ എ.എഫ്.പി സ്ഥിരീകരിച്ചു. എന്നാൽ, എപ്സ്റ്റീനുമായി ദലൈ ലാമ കൂടിക്കാഴ്ച നടത്തിയതിനോ ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്തിയതിനോ രേഖകളിൽ തെളിവുകളില്ല.
ദലൈ ലാമ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ സംബന്ധിക്കാൻ എപ്സ്റ്റീൻ ആലോചിക്കുന്നതായി ഒരാൾ അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് പ്രധാനമായും പേര് പരാമർശിക്കപ്പെട്ടിട്ടുള്ളത്. എപ്സ്റ്റീൻ ഫയലുകളിൽ ഒരാളുടെ പേര് വരുന്നത് അവർ കുറ്റം ചെയ്തു എന്നതിന് തെളിവല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തങ്ങളുടെ നേതാവ് ഒരിക്കലും എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അത്തരമൊരു ആശയവിനിമയത്തിന് അനുമതി നൽകിയിട്ടില്ലെന്നും ദലൈ ലാമയുടെ ഓഫീസ് 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഏകദേശം 20,000 പേജുകൾ വരുന്ന എപ്സ്റ്റീൻ ഫയലുകളിൽ ലോകത്തെ പല പ്രമുഖ വ്യക്തികളുടെയും പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നതരുടെ പേരുകളും ഇതിലുണ്ട്. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത എൺപതോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പെൺവാണിഭ സംഘത്തെ നയിക്കുകയും ചെയ്ത കേസിലെ പ്രതിയായ എപ്സ്റ്റീൻ ജയിലിൽ വെച്ചാണ് ജീവനൊടുക്കിയത്.
sdvfg


