കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തം; ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്താതെ യു.എൻ

സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗ കേസ് പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധി യു.എന്‍ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ഐക്യരാഷ്ട്രസഭ. കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമായതിനാൽ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസിലെ മീഡിയ ഓഫീസർ വിവിയന്‍ ക്വോക്ക് പറഞ്ഞു. താത്പര്യമുള്ള ആർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന പൊതുയോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണറുടെ ഓഫീസ് അറിയിച്ചു. ഫെബ്രുവരി 24ന് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ (സി.ഇ.എസ്.സി.ആർ) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തത്. ‘തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യമായ പ്രാതിനിധ്യം’ എന്ന വിഷയത്തിലായിരുന്നു ചർച്ച.ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് വിജയപ്രിയ പറഞ്ഞു.
ഹിന്ദുമതത്തിന്റെ പൗരാണിക പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദയെ വേട്ടയാടുകയാണെന്നും അദ്ദേഹം ജന്മനാട്ടിൽ നിന്ന് പോലും വിലക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിനിധി പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടുന്നത് തടയാൻ ദേശീയ അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും വിജയപ്രിയ ആവശ്യപ്പെട്ടു. യു.എന്‍ ചർച്ചയുടെ വിഷയവുമായി ബന്ധമുള്ളതല്ലാത്തതിനാൽ കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമാണെന്ന് മീഡിയ ഓഫീസർ വിവിയന്‍ ക്വോക്ക് പറഞ്ഞു. ഈ പരാമർശങ്ങൾ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2010ലാണ് നിത്യാനന്ദക്കെതിരെ അനുയായി നൽകിയ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ നിത്യാനന്ദയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ജാമ്യം റദ്ദാക്കപ്പെട്ടതോടെ 2019ൽ നിത്യാനന്ദ രാജ്യം വിട്ടു. കുട്ടികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി എന്നതുൾപ്പെടെ നിരവധി കേസുകൾ നിത്യാനന്ദക്കെതിരെയുണ്ട്. തുടർന്ന് നിത്യാനന്ദ ഇന്ത്യ വിടുകയും കൈലാസ എന്ന രാജ്യം സ്ഥാപിച്ചെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തു. ഇക്വഡോർ തീരത്ത് ദ്വീപ് വാങ്ങിയെന്നാണ് നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാൽ നിത്യനന്ദയ്ക്ക് ഇക്വഡോർ അഭയം നൽകുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ആ രാജ്യത്തെ സർക്കാർ അറിയിക്കുകയുണ്ടായി.
ests