ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു, പ്രശസ്ത അവതാരകയ്ക്ക് ഇന്റർവ്യൂ നൽകാതെ ഇറാനിയൻ പ്രസിഡന്റ്


ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സി.എൻ.എന്നിന്റെ ചീഫ് ഇന്റർനാഷണൽ ആങ്കർ ക്രിസ്റ്റ്യൻ അമൻപൂറിന് ഇന്റ്‍ർവ്യൂ നൽകാതെ ഇറാനിയൻ പ്രസിഡന്റ്. ഇതിനെതിരെ ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ക്രിസ്റ്റ്യൻ അമൻപൂറിന്റെ പ്രതിഷേധം. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റ്യൻ അമൻപൂർ ഇറാനിയൻ പ്രസിഡന്റിനെ ഇന്റർവ്യൂ ചെയ്യാനെത്തിയത്.

അഭിമുഖത്തിനായി പ്രസിഡന്റ് എത്തണമെങ്കിൽ അവതാരക ഹിജാബ് ധരിക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാൻ ക്രിസ്റ്റ്യൻ അമൻപൂർ തയ്യാറായില്ലെന്ന് മാത്രമല്ല, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തനിക്ക് മുന്നിലുള്ള ഒഴിഞ്ഞ കസേരയുടെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു.

“മഹ്സ അമീനിയുടെ മരണത്തിന് ശേഷം സ്ത്രീകൾ അവരുടെ ഹിജാബുകൾ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ഇറാനിൽ ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 8 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനാണ് ഞാനെത്തിയത്. യുഎസ് മണ്ണിൽ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായി ഇത് മാറുമായിരുന്നു.

ഇന്റർവ്യൂവിന്റെ എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ച ശേഷവും ഇറാനിയൻ പ്രസിഡന്റ് വന്നില്ല. 40 മിനിറ്റ് കഴിഞ്ഞപ്പോൾ പ്രസിഡന്റിന്റെ സഹായി വന്ന് ശിരോവസ്ത്രം ധരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഞാൻ വിനയപൂർവം അത് നിരസിച്ചു. ശിരോവസ്ത്രം സംബന്ധിച്ച് നിയമമോ പാരമ്പര്യമോ ഇല്ലാത്ത ന്യൂയോർക്കിലാണ് ഞാനിരിക്കുന്നതെന്നും ശിരോവസ്ത്രം ധരിക്കില്ലെന്നും എനിക്ക് പറയേണ്ടി വന്നു.

ഒരു മുൻ ഇറാനിയൻ പ്രസിഡന്റും ഇറാന് പുറത്ത് നടക്കുന്ന അഭിമുഖങ്ങളിൽ അവതാരികയോട് ശിരോവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ അഭിമുഖം നടക്കില്ലെന്ന് സഹായി വ്യക്തമാക്കി. തുടർന്ന് അഭിമുഖം നടത്താനാകാതെ ഞാൻ അവിടെ നിന്ന് മടങ്ങുകയായിരുന്നു”. ∠ ക്രിസ്റ്റ്യൻ അമൻപൂർ ട്വീറ്റ് ചെയ്തു.

പ്രതിഷേധം ശക്തമായതോടെ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് ഇറാനിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറാൻ സർക്കാറിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി, ബുധനാഴ്ച വൈകുന്നേരം മുതൽ ഇറാനിൽ ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും ഉപയോഗിക്കാനാകുന്നില്ലെന്ന് ഇറാൻ വാർത്ത ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇറാനിലെ പ്രതിഷേധത്തിൽ പൊലീസും സൈനികനും ഉൾപ്പടെ 8 പേരാണ് മരിച്ചത്. ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിൽ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.

You might also like

  • Straight Forward

Most Viewed