ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്സ രാജ്യം വിട്ടതിനു പിന്നാലെ യാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം രാജിയാവശ്യപ്പെട്ട് ശ്രീലങ്കൻ തെരുവുകളിലേക്കിറങ്ങുകയായിരുന്നു.പ്രത്യേക സൈനിക വിമാനത്തിലാണ് ഗോടബയയും കുടുംബവും മാലദ്വീപിലേക്ക് കടന്നത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ ഗോടബയ അറിയിച്ചിരുന്നത്. പ്രസിഡന്റ് രാജി വെക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം.
പ്രധാനമന്ത്രി റനിൽ വിക്രമിസിംഗെ സ്ഥാനമൊഴിയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അതിനിടെ,കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാർക്കു നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.