ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം. 10 മീറ്റർ എയർ റൈഫിൽ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ് – തുഷാർ മാനെ ജോഡിയാണ് സ്വർണ്ണം നേടിയത്. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡിയുടെ സ്വർണ്ണ നേട്ടം. ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് ടീമുകൾക്ക് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ ലഭിച്ചു.
സീനിയർ വിഭാഗത്തിൽ തുഷാർ നേടിയ ആദ്യ സ്വർണമാണ് ഇത്. മെഹുലിയുടേത് രണ്ടാമത്തെ സ്വർണം. 2019ൽ കാഠ്മണ്ഡുവിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് മെഹുലി മുൻപ് സ്വർണമെഡൽ നേടിയത്.