സുനാകിന് എംപിമാരുടെ പിന്തുണ

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്കുള്ള മത്സരത്തിൽ മുൻ മന്ത്രി ഋഷി സുനാകിനു മേൽക്കൈ. കണ്‍സർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കും പ്രധാനമന്ത്രിപദത്തിലേക്കും മത്സരിക്കാൻ ആവശ്യമായ, 20 എംപിമാരുടെ പിന്തുണ സുനാക് ഉറപ്പാക്കി. യോർക്‌ഷെയറിലെ റിച്ച്മോണ്ടിൽനിന്നുള്ള പാർലമെന്‍റ് അംഗമാണു സുനാക്.
കണ്‍സർവേറ്റീവ് പാർട്ടി മത്സരനടപടികൾ പൂർത്തിയാക്കി സെപ്റ്റംബർ അഞ്ചിനാണു പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. ഇക്കാര്യം തിങ്കളാഴ്ച വൈകിച്ചേർന്ന പാർട്ടി ഉന്നതസമിതി യോഗത്തിൽ തീരുമാനിച്ചു. ഏഴിനു പുതിയ പ്രധാനമന്ത്രി പാർലമെന്‍റിൽ സംസാരിക്കും.
പ്രധാനമന്ത്രിസ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള ടോറി എംപിമാരുടെ ആദ്യറൗണ്ട് വോട്ടെടുപ്പ് ഇന്നു നടക്കും. രണ്ടാം റൗണ്ടിലേക്കു മുന്നേറാൻ സ്ഥാനാർഥികൾക്ക് 30 എണ്ണമോ 10 ശതമാനമോ ടോറി എംപിമാരുടെ പിന്തുണ ആവശ്യമുണ്ട്. വാണിജ്യമന്ത്രി പെന്നി മോർഡന്‍റ്, നദീം സഹാവി, ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സ്യുവല്ല ബ്രേവർമൻ, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നിവരാണു പാർട്ടി നേതൃപദവിയിലേക്കു മത്സരിക്കുന്ന മറ്റുള്ളവരിൽ പ്രമുഖർ.