ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ട്


ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. സൈനിക വിമാനത്തിലാണ് രാജ്യം വിട്ടത്. ഗോതബയയ്‌ക്കൊപ്പം ഭാര്യയും അംഗരക്ഷകനും ഉൾപ്പടെ നാല് പേരാണ് ഉള്ളത്. വിമാനത്തിന് മാലിദ്വീപിൽ ലാൻഡ് ചെയ്യാൻ ആദ്യം അനുമതി നൽകിയിരുന്നില്ല. മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് വിമാനം ഇറക്കാൻ അനുമതിയായത്. ബുധനാഴ്ച രാജിവയ്ക്കുമെന്ന് രജപക്സ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ഔദ്യോഗികമായി രാജി വയ്ക്കുന്നതിന് മുന്നേ രാജ്യം വിട്ടത്. കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഗോതബയയെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകാരികൾ ഇരച്ചുകയറുന്നതിന് മുന്നേ ഗോതബയയെ സൈന്യം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഗോതബയ രാജിവയ്ക്കാതെ കൊട്ടാരം വിടില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്.

You might also like

Most Viewed