തടി കയറ്റുമതി നിരോധിച്ച് ഗാംബിയ


ആഫ്രിക്കൻ രാജ്യമായ ഗാംബിയ തടി കയറ്റുമതി നിരോധിച്ചു. ലൈസൻസുകൾ റദ്ദാക്കി. അനധികൃത ഈട്ടിത്തടി (റോസ്‌വുഡ്) വെട്ട്‌ തടയുന്നതിന്‍റെ ഭാഗമായാണു നടപടി. നിരോധനം അടിയന്തരമായി നിലവിൽവന്നു. തുറമുഖങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിലേക്കു തടി കയറ്റുന്നതിനു നിരോധനമേർപ്പെടുത്തി.

സംരക്ഷിത പട്ടികയിലുള്ള വെസ്റ്റ് ആഫ്രിക്കൻ ഈട്ടി സെനഗലിൽനിന്നു ഗാംബിയയിലൂടെ കള്ളക്കടത്തു നടത്തി മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതായി രണ്ടു വർഷം മുന്പ് ബിബിസി നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ഈ തടിയിൽ ഭൂരിഭാഗവും ചൈനയിലേക്കാണു പോയിരുന്നത്. 2017ലാണു വെസ്റ്റ് ആഫ്രിക്കൻ ഈട്ടിയെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയത്. 2017നും 2020നുമിടയിൽ ഗാംബിയയിൽനിന്ന് മൂന്നു ലക്ഷം ടണ്‍ ഈട്ടിത്തടി ചൈനയിലേക്കു കയറ്റുമതി ചെയ്തതായാണു കണക്ക്; അതായത് അഞ്ചുലക്ഷം മരങ്ങൾക്കു തുല്യം. ഇതിനു മാത്രം ഏകദേശം 10 കോടി ഡോളർ (789.5 കോടി രൂപ) മൂല്യം വരും.

വെസ്റ്റ് ആഫ്രിക്കൻ ഈട്ടിത്തടി കയറ്റുമതി ചെയ്യുന്നവരിൽ പ്രധാനികളാണു ഗാംബിയ. എന്നാൽ, 10 വർഷം മുന്പുതന്നെ തങ്ങളുടെ രാജ്യത്തെ ഈട്ടി മരങ്ങൾ തീരാറായെന്നു ഗാംബിയ വെളിപ്പെടുത്തിയിരുന്നു. 

മൂല്യത്തിന്‍റെയും അളവിന്‍റെയും അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവുമധികം കള്ളക്കടത്ത് നടത്തുന്ന വനവിഭവമാണു ഈട്ടി. ഹോംഗ്മു, റെഡ് വുഡ് എന്നും ഇതിനു വിളിപ്പേരുണ്ട്. പുരാതന രീതിയിലുള്ള ഫർണിച്ചർ നിർമിക്കാനാണ് ഈ തടി ഉപയോഗിച്ചുവരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed