ബിജെപി നേതാവിന്റെ പ്രവാചകനെതിരായ അപകീർ‍ത്തികരമായ പരാമർ‍ശത്തിൽ‍ പ്രതികരിച്ച് യുഎൻ


ബിജെപി നേതാവിന്റെ പ്രവാചകനെതിരായ അപകീർ‍ത്തികരമായ പരാമർ‍ശത്തിൽ‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. എല്ലാമതങ്ങളേയും ബഹുമാനത്തോടെ നോക്കിക്കാണാനും സഹിഷ്ണത പുലർ‍ത്തുന്നതിനും പ്രോത്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് യുഎൻ വ്യക്തമാക്കി. പ്രവാചക നിന്ദയിൽ‍ ഇസ്ലാമിക രാജ്യങ്ങൾ‍ ശക്തമായി എതിർ‍പ്പുമായി രംഗത്തുവന്നതിന്നിടയിലാണ് ഐക്യരാഷ്ട്രസഭയും ബിജെപി നേതാവിന്റെ പരാമർ‍ശത്തിൽ‍ നിലപാട് വ്യക്തമാക്കുന്നത്. പ്രവാചകനെതിരെ ബിജെപി ദേശീയ വക്താവിന്റെ അപകീർ‍ത്തി പരാമർ‍ശത്തിൽ‍ യുഎന്നിന്റെ പ്രതികരണം ചോദിച്ച പാകിസ്താൻ‍ മാധ്യമപ്രവർ‍ത്തകന് മറുപടിയായാണ് യുഎൻ സെക്രട്ടറി ജനറൽ‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫെൻ ദുജെറിക് നിലപാട് വ്യക്തമാക്കിയത്. യുഎൻ പ്രതിദിന പത്രസമ്മേളനത്തിലാണ് പ്രതികരണം. 

എല്ലാ മതങ്ങളെയും ബഹുമാനിക്കാനും സഹിഷ്ണുത പുലർ‍ത്തുന്നതിനും പ്രോൽ‍സാഹിപ്പിക്കുക മാത്രമാണ് യുഎൻ നിലപാട്. പ്രവാചകനെതിരായ അപകീർ‍ത്തികരമായ പരാമർ‍ശം സംബന്ധിച്ച വിഷയം ശ്രദ്ധയിൽ‍പ്പെട്ടിട്ടുണ്ട്. എന്നാൽ‍ പരാമർ‍ശം താൻ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജെറിക് വ്യക്തമാക്കി. പ്രവാചകനെതിരെ അപകീർ‍ത്തി പരാമർ‍ശം നടത്തിയതിൽ‍ ബിജെപി ദേശീയ വക്താവ് നുപുർ‍ ശർ‍മ്മയെയും പാർ‍ട്ടി മാധ്യമ വിഭാഗം തലവൻ നവീൻകുമാർ‍ ജിൻഡാലിനേയും പാർ‍ട്ടിയിൽ‍ നിന്നും കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു.

You might also like

Most Viewed