ട്വിറ്ററും ഫേസ്ബുക്കും വിലക്കേർപ്പെടുത്തി: സ്വന്തമായി സോഷ്യൽ മീഡിയ ആരംഭിക്കാനൊരുങ്ങി ട്രംപ്


വാഷിംഗ്ടൺ: ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും വിലക്ക് മറികടക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം സാമൂഹിക മാദ്ധ്യമം ആരംഭിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ട്രംപിന് ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏർപ്പെടുത്തിയിരുന്നു. തന്റെ അനുയായികളുമായി സംവദിക്കുന്നതിന് ട്രംപ് ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ രണ്ട് സാമൂഹിക മാദ്ധ്യമങ്ങളെയായിരുന്നു.

ട്രൂത്ത് സോഷ്യൽ എന്ന് പേരിട്ട ആപ്പ് അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ തിരഞ്ഞെടുത്ത ചുരുക്കം ആൾക്കാർക്കു മാത്രമായിരിക്കും ആപ്പ് ലഭ്യമാകുക. ട്രംപ് മീഡീയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ കീഴിലായിരിക്കും പുതിയ ആപ്പ് പ്രവർത്തിക്കുക. സാമൂഹിക മാദ്ധ്യമ ഭീമന്മാരുടെ അഹങ്കാരത്തിനെതിരെ പോരാടാൻ വേണ്ടിയാണ് താൻ ഈ പുതിയ സാമൂഹിക മാദ്ധ്യമം ആരംഭിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി
ഫേസ്ബുക്കും ട്വിറ്ററും ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ട്രംപ് മാസങ്ങളായി കഠിനപ്രയത്നം ചെയ്യുകയാണ്. കഴിഞ്ഞ മേയിൽ 'ഫ്രം ദ ഡെസ്ക് ഒഫ് ഡൊണാൾഡ് ട്രംപ്' എന്ന ഒരു ബ്ലോഗ് ആരംഭിച്ചിരുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ബ്ലോഗ് നിർത്തിയിരുന്നു. ഫേസ്ബുക്കിനും ട്വിറ്ററിനും പുറമേ, ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, യൂട്യൂബ് എന്നിവയും ട്രംപിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed