വിമത നീക്കം ഫലം കണ്ടില്ല : അവിശ്വാസ പ്രമേയത്തെ മറികടന്ന് തെരേസ മേ
ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരുവിഭാഗം എംപിമാർ നടത്തിയ വിമത നീക്കം ഫലം കണ്ടില്ല. അവിശ്വാസ പ്രമേയത്തെ അനായാസം മറികടന്ന തെരേസ മേ പ്രധാനമന്ത്രിക്കസേര ഉറപ്പിച്ചു. പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം ആറിനായിരുന്നു 48 എംപിമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം പാർട്ടി നേതൃത്വം പരിഗണിച്ചത്. രണ്ടുമണിക്കൂർ നീണ്ട രഹസ്യബാലറ്റിനൊടുവിൽ 200 എംപിമാരുടെ പിന്തുണയോടെയാണു തെരേസ മേ നേതൃത്വഭീഷണി മറികടന്നു.
117 എംപിമാർ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തി. ശതമാനക്കണക്കിൽ നോക്കിയാൽ 63 ശതമാനം കൺസർവേറ്റീവ് എംപിമാർ മേയെ പിന്തുണച്ചപ്പോൾ 37 ശതമാനം എതിർത്തു. 83 എംപിമാരുടെ ഭൂരിപക്ഷത്തിൽ നേതൃസ്ഥാനത്തു തുടരാനായെങ്കിലും പാർട്ടിയിലെ ചോദ്യംചെയ്യപ്പെടാത്ത നേതൃത്വം ഇനി പ്രധാനമന്ത്രിക്ക് അവകാശപ്പെടാനാകില്ല.
തെരേസ മേയുടെ സോഫ്റ്റ് ബ്രെക്സിറ്റ് പോളിസിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് 48 എംപിമാർ അവിശ്വാസത്തിനു പാർട്ടി ചെയർമാർ ഗ്രഹാം ബാർഡിക്ക് നോട്ടിസ് നൽകിയത്. എംപിമാരുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുമായി ഇന്നലെ ഉച്ചകഴിഞ്ഞ് അടിയന്തര കൂടിക്കാഴ്ച നടത്തിയശേഷമാണു നോട്ടിസ് പരിഗണിക്കാൻ പാർട്ടി ചെയർമാൻ തീരുമാനിച്ചത്.
നേതൃത്വം മാറുന്നത് രാജ്യത്തിനു ഗുണകരമാകില്ലെന്നും ബ്രെക്സിറ്റിന്റെ ഭാവിതന്നെ അപകടത്തിലാകുമെന്നും പ്രഖ്യാപിച്ച് തെരേസ മേയ് രംഗത്തുവന്നു. പരാജയഭീതിമൂലം ബ്രെക്സിറ്റ് ബില്ല് പാർലമെന്റിൽ വോട്ടിനിടുന്നതു കഴിഞ്ഞദിവസം അവസാനനിമിഷം പ്രധാനമന്ത്രി മാറ്റിവച്ചിരുന്നു. നേതൃത്വം ഉറപ്പിച്ച സാഹചര്യത്തിൽ ബ്രെക്സിറ്റ് ഉടമ്പടി പാർലമെന്റിൽ പാസാക്കാൻ ആവശ്യമായ തുടർനടപടികളുമായി തെരേസ മേയ്ക്കു മുന്നോട്ടു പോകാം. ജനുവരി 21നു മുമ്പ് ബ്രെക്സിറ്റിന്റെ കാര്യത്തിൽ പാർലമെന്റിന്റെ അനുമതി തേടേണ്ടതുണ്ട്.

