ബിജെപി സമരപ്പന്തലിനു മുമ്പിൽ ആത്മഹത്യാശ്രമം
തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു സമീപത്തുള്ള ബിജെപി സമരപ്പന്തലിനു മുമ്പിൽ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു (49) പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ സമരപ്പന്തലിന്റെ തൊട്ടുമുമ്പിലായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
പുലർച്ചെ രണ്ടു മണിയോടെ സമരപന്തലിന്റെ എതിർ ഭാഗത്തു റോഡരികിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകത്തിച്ചു സമരപന്തലിനു സമീപത്തേക്ക് ഓടി വരുകയായിരുന്നു. പൊലീസും ബിജെപി പ്രവർത്തകരും ചേർന്ന് തീയണച്ച് അശുപത്രിയിൽ എത്തിച്ചു. ബിജെപി പ്രവർത്തകർക്ക് കുടിക്കാൻ വച്ചിരുന്ന വെള്ളമുപയോഗിച്ചാണു തീകെടുത്തിയത്. വേണുഗോപാലൻ നായർ ബിജെപി അനുഭാവിയാണെന്നു പൊലീസ് പറഞ്ഞു.

