യുഎസ് മണ്ണിൽ ഇറാന്റെ ഡ്രോൺ ഭീഷണിയില്ല; റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
വാഷിംഗ്ടൺ: അമേരിക്കൻ പ്രധാനഭൂമിയിൽ ഇറാന്റെ ഡ്രോണുകൾ യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ കപ്പലുകളിൽ നിന്ന് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയേക്കാമെന്ന് എഫ്.ബി.ഐ കാലിഫോർണിയ പോലീസിന് മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവർ.
സ്ഥിരീകരിക്കാത്ത ഒരു വിവരത്തെ അടിസ്ഥാനമാക്കി കാലിഫോർണിയ പോലീസിന് അയച്ച ഇമെയിലിനെ മുൻനിർത്തിയാണ് ഇത്തരം വാർത്തകൾ പ്രചരിച്ചതെന്ന് ലീവിറ്റ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അമേരിക്കയ്ക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് നിലവിൽ ഭീഷണിയില്ലെന്നും അത്തരം സാഹചര്യങ്ങൾ മുൻപ് ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സമാനമായ രീതിയിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമും പ്രതികരിച്ചു. നിലവിൽ സംസ്ഥാനത്തിന് നേരിട്ടുള്ള ഭീഷണികളൊന്നും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങളുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
aa


