ജപ്പാനിൽ പാർലമെന്റ് പിരിച്ചുവിട്ടു; ഫെബ്രുവരി എട്ടിന് പൊതുതിരഞ്ഞെടുപ്പ്
ശാരിക l അന്തർദേശീയം l ടോക്കിയോ
ജപ്പാനിൽ കാലാവധി പൂർത്തിയാകുന്നതിന് മുൻപേ പാർലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി സനായി തകായിച്ചി. ഫെബ്രുവരി എട്ടിന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ തകായിച്ചിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണ വോട്ടാക്കി മാറ്റി അധികാരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർണ്ണായക നീക്കം.
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനായി തകായിച്ചി അധികാരമേറ്റിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. തകായിച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സമീപകാല തിരഞ്ഞെടുപ്പുകളിൽ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. എന്നാൽ അധികാരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തകായിച്ചിക്ക് വലിയ ജനപ്രീതി നേടാനായി. നിലവിൽ 70 ശതമാനത്തോളം ജനപിന്തുണ അവർക്കുണ്ടെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഈ അനുകൂല സാഹചര്യം മുതലെടുത്ത് പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം.


