ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്‍റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്‍റെ അംഗീകാരം

ഷീബ വിജയൻ
തെൽ അവീവ് I ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റിന്‍റെ അംഗീകാരം. ബന്ദികളെ മുഴുവൻ തിരികെ എത്തിക്കുക, ഹമാസിനെ നിരായുധീകരിക്കുക, ഗസ്സ മുനമ്പിൽ ഇസ്രായേലിന്റെ നിയന്ത്രണം, ബദൽ സിവിലിയൻ സർക്കാർ രൂപീകരിക്കുക, സൈനികവത്കരണം എന്നീ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നെതന്യാഹുവിന്റെ അഞ്ച് തത്വങ്ങളും സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. ഗസ്സ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനൊപ്പം യുദ്ധമേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നൽകാനും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തയാറാകുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ബന്ദികളായ ഇസ്രായേൽ പൗരന്മാരായ ബ്രാസ്ലാവ്‌സ്‌കിയുടെയും എവ്യാതർ ഡേവിഡിന്‍റെയും ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഗസ്സ മുനമ്പ് പൂർണമായും പിടിച്ചടക്കാൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനുമേൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യമാണ് നെതന്യാഹുവിന്‍റെ പുതിയ നീക്കത്തിനു പിന്നിൽ. ഇതിനകം ഗസ്സയിലെ 75 ശതമാനം പ്രദേശവും നിയന്ത്രണത്തിലാക്കിയ ഇസ്രായേൽ സൈന്യം, ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച മേഖലകൾ ഉൾപ്പെടെ ശേഷിക്കുന്ന പ്രദേശങ്ങൾ പിടിച്ചെടുക്കാനാണ് ഒരുങ്ങുന്നത്.
AWDSWAQSSA