ചാഡിൽ ആയുധഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ ഒന്പത് മരണം

എൻജമെന: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ചാഡിൽ ആയുധഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതുപേർ മരിക്കുകയും 46 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ എൻജമെനയയുടെ വടക്കുഭാഗത്ത് മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിനോടു ചേർന്ന പ്രധാന ആയുധപ്പുരയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അബദ്ധത്തിൽ തീപിടിത്തമുണ്ടായി എന്നാണു വിശദീകരണം. തീപിടിത്തത്തെത്തുടർന്നു വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചു. ഉഗ്രശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടു.
ആകാശത്ത് അരമണിക്കൂറോളം പൊട്ടിത്തെറി ദൃശ്യമായിരുന്നു. ഒട്ടേറെപ്പേർ മരിച്ചിരിക്കാമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, മരണസംഖ്യ വിചാരിച്ചതിലും കുറവാണെന്ന് വിദേശകാര്യമന്ത്രിയും സർക്കാർ വക്താവുമായ അബ്ദ്റമാൻ അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇസ്‌ലാമിക ഭീകരവാദികളെ നേരിടാൻ ചാഡിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ഫ്രഞ്ച് സൈനികർക്കു സംഭവത്തിൽ പരിക്കില്ല. ചാഡ് സേനയും ഭീകരവിരുദ്ധ പോരാട്ടത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
dsfsdf