ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു: മരണം 640 കടന്നു; ഇറാനുമായി വ്യാപാരം നടത്തുന്നവർക്ക് ട്രംപിന്റെ മുന്നറിയിപ്പ്
ഷീബ വിജയൻ
ടെഹ്റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി ഉയർന്നതായി റിപ്പോർട്ട്. മരിച്ചവരിൽ ഒൻപത് കുട്ടികളും ഉൾപ്പെടുന്നു. നിലവിൽ 10,700-ഓളം പേർ ഭരണകൂടത്തിന്റെ കസ്റ്റഡിയിലാണ്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നതിനാൽ യഥാർത്ഥ വിവരങ്ങൾ പുറംലോകം അറിയാൻ വൈകുകയാണ്. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇറാൻ ഭരണകൂടം തയ്യാറായിട്ടില്ല.
അതിനിടെ, ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമർത്തുന്ന ഇറാന്റെ നടപടിക്കെതിരെ കടുത്ത സാമ്പത്തിക നീക്കങ്ങളാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്ക് സാധ്യതയുണ്ടെങ്കിലും ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർശന നടപടികൾ അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്.
dsadasades

