ചരിത്രത്തിലാദ്യം; ആരോഗ്യപ്രശ്‌നം മൂലം ബഹിരാകാശ ദൗത്യം വെട്ടിച്ചുരുക്കി നാസ സംഘം ഭൂമിയിലിറങ്ങി
ഷീബ വിജയൻ
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ആരോഗ്യപ്രശ്നം നേരിട്ട സഞ്ചാരിയുൾപ്പെടെയുള്ള നാസയുടെ ക്രൂ-11 ദൗത്യസംഘം വിജയകരമായി ഭൂമിയിലിറങ്ങി. സ്പേസ് എക്‌സിന്റെ ഡ്രാഗൺ എൻഡവർ പേടകം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2:12-ഓടെ കാലിഫോർണിയ തീരത്ത് കടലിൽ ലാൻഡ് ചെയ്തു (സ്പ്ലാഷ്‌ഡൗൺ). ഐ.എസ്.എസിൽ നിന്ന് വേർപെട്ട് പത്തു മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് പേടകം ഭൂമിയിലെത്തിയത്.
2025 ഓഗസ്റ്റിൽ ആറു മാസത്തെ ദൗത്യത്തിനായി പോയ സംഘം, 2026 ഫെബ്രുവരിയിൽ മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സംഘത്തിലെ ഒരു സഞ്ചാരിക്ക് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ 165 ദിവസത്തിന് ശേഷം ദൗത്യം വെട്ടിച്ചുരുക്കി മടങ്ങാൻ നാസ നിർദ്ദേശിക്കുകയായിരുന്നു. ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളുടെ ആരോഗ്യനില മുൻനിർത്തി ഒരു ദൗത്യം പാതിവഴിയിൽ അവസാനിപ്പിക്കുന്നത്. സഞ്ചാരികളെ ഉടൻ തന്നെ വിശദമായ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റും. നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ ഇന്ന് വൈകുന്നേരം ദൗത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കും.
ACSCXCXX

