താരറാണി ശ്രീദേവിയുടെ ഓർമകൾക്ക് അഞ്ച് വയസ്

അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയിൽ ജ്വലിച്ചുനിന്നിരുന്ന താരറാണി ശ്രീദേവിയുടെ ഓർമകൾക്ക് അഞ്ച് വയസ്. ആരാധകരെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്ന ശ്രീദേവിയുടെ അകാലമരണം.
തമിഴ് നാട്ടിലെ ശിവകാശിയിൽ 1963 ആഗസ്റ്റ് 13 ന് ആണ് ശ്രീദേവിയുടെ ജനനം. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980-കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. ബാലചന്ദർ തന്റെ ശിഷ്യരായ കമൽ ഹാസനും രജനീകാന്തിനുമൊപ്പം 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തിൽ പതിമൂന്നുകാരിയായ ശ്രീദേവിയെ നായികയാക്കി. തുടർന്ന് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ താരം, പതുക്കെ പതുക്കെ ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. 1983 ൽ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലെ തിരക്കേറിയ താരമായി. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും ശ്രീദേവിയെ തേടിയെത്തി.
1969ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് പൂമ്പാറ്റ,സ്വപ്നങ്ങൾ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.1976ൽ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ശ്രീദേവി മലയാളത്തിൽ ആദ്യമായി നായിക ആകുന്നത്. നായകനായി കമൽഹാസ്സനും ഉണ്ടായിരുന്നു.1976ൽ പുറത്തിറങ്ങിയ തുലാവർഷം എന്ന ചിത്രത്തിൽ പ്രേം നസീറിനോട് ഒപ്പം ശ്രീദേവി അഭിനയിച്ചു. ഐ. വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞ്ഞാല്‍ , ആ നിമിഷം, ആശിർവാദം, അകലെ ആകാശം എന്നീ സിനിമകളിൽ ശ്രീദേവി നായികയായി. 1977ൽ റിലീസായ അംഗീകാരം എന്ന ചിത്രത്തിൽ ശ്രീദേവി ഇരട്ട വേഷം ചെയ്തു. 1996ൽ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി. ഭരതൻ സംവിധാനം ചെയത ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.
FGHFGHFGHH