സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം

സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം നൽകിയത്. അഭിഭാഷകരുടെ വേഷം ധരിച്ചാണ് നടി രാവിലെ കോടതിയിലെത്തിയത്. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് നടിക്കെതിരെയുള്ളത്. കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറും കേസിലെ പ്രതിയാണ്. സുകാഷുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇഡി നൽകിയ കുറ്റപത്രത്തിൽ ജാക്വിലിനെയും പ്രതി ചേർത്തത്.
നേരത്തെ, നടിയെ ഇഡി പലതവണ ചോദ്യം ചെയ്യുകയും ഏപ്രിലിൽ നടിയുടെ പേരിലുള്ള 7.27 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഡൽഹി പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടിയെ ചോദ്യം ചെയ്തിരുന്നു. കേസിൽ പ്രതിയായ പിങ്കി ഇറാനിയും പട്യാല ഹൗസ് കോടതിയിൽ ഹാജരായിരുന്നു. പിങ്കി ഇറാനി നേരത്തെ ജാമ്യം നേടിയിരുന്നു. ഇന്ന് ജാക്വിലിൻ ഫെർണാണ്ടസിന് കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകി. ജാക്വിലിൻ ഫെർണാണ്ടസിന്‍റെ കേസ് പട്യാല ഹൗസ് കോടതി ഒക്ടോബർ 22ന് ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.
dchjcf