തൊണ്ണൂറ്റിയൊന്നാം വയസ്സിൽ നാലാം വിവാഹ ബന്ധവും അവസാനിപ്പിക്കാൻ മർഡോക്

ന്യൂയോർക്ക് . മാധ്യമ മുതലാളി റൂപർട് മർഡോകും ഭാര്യ ജെറി ഹാളും വേർപിരിയുന്നു. തൊണ്ണൂറ്റിയൊന്നുകാരനായ മർഡോകും അറുപത്തിയഞ്ചുകാരിയായ ജെറി ഹാളും 2016ലാണ് വിവാഹിതരായത്. മർഡോകിന്റെ നാലാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന വാർത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അമ്പരപ്പുണ്ടാക്കി.
വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഉറവിടം െവളിപ്പെടുത്താതെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോക്സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേണൽ, സൺ നെറ്റ്‌വർക്ക്, ദ് ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മർഡോക്.
ലോകത്തിലെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ താനാണെന്ന് മർഡോക് 2016ൽ വിവാഹത്തിനുശേഷം ട്വീറ്റ് ചെയ്തിരുന്നു. 2018ൽ മൂത്ത മകൻ ലച്‌ലനെ തന്റെ പിൻഗാമിയായി നിയമിച്ചു. മർഡോക് തൊണ്ണൂറാം പിറന്നാൾ ജെറിയോടൊപ്പമാണ് ആഘോഷിച്ചത്.
മോഡലും നടിയുമായ ജെറിയും സംഗീതജ്ഞൻ മിക് ജാഗറും തമ്മിൽ ബന്ധം പുലർത്തിയിരുന്നു. 1990ൽ ബാലിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചെങ്കിലും ലണ്ടൻ ഹൈക്കോടതി റദ്ദാക്കി. ഈ ബന്ധത്തിൽ ഇവർക്ക് നാല് കുട്ടികളുണ്ട്. പെട്രിഷ്യ ബുക്കർ, അന്ന മാൻ, വെൻഡി ഡെങ് എന്നിവരായിരുന്നു മർഡോകിന്റെ ആദ്യഭാര്യമാർ.