നടൻ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ പരാതി

നടൻ അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോൻ എന്ന് പഴയ പേര്) ലൈംഗിക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോൾ നടൻ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവർ തുറന്നുപറച്ചിൽ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പെൺകുട്ടിയുടെ പ്രതികരണം. നടൻ അഭിനയം മെച്ചപ്പെടുത്താനെന്ന പേരിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു. മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പർശിക്കുന്നതെന്ന് മാതാപിതാക്കൾ തെറ്റിദ്ധരിച്ചു.
ലൈംഗിക അതിക്രമം രൂക്ഷമായതോടെ മോണോ ആക്ട് ക്ലാസ് നിർത്തിയെങ്കിലും ഫോണിലൂടെ ലൈംഗികച്ചുവയിൽ സംസാരിക്കുന്നത് അനീഷ് തുടർന്നു. അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവർക്ക് അനീഷിനെതിരെ പ്രതികരിക്കാൻ ഭയമായിരുന്നു. അനീഷ് ഗോപിനാഥൻ പിന്നീട് സിനിമയിൽ തിരക്കുള്ള നടനായി. അതിക്രമത്തിന്റെ ഞെട്ടലിൽ നിന്നും വിട്ടുമാറാൻ കഴിയാതെ അനീഷിനെ സ്‌ക്രീനിൽ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. ഫോണിൽ കൂടി ലൈംഗിക വൈകൃതങ്ങൾ അടങ്ങിയ സംസാരം അനീഷ് തുടർന്നു. ഏറെക്കാലത്തെ കൗൺസിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് മനസ്ഥൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടിൽ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും യുവതി റെഡ്ഡിറ്റ് കുറിപ്പിൽ പറയുന്നു. യുവതിയുടെ ആരോപണത്തോട് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.