അഞ്ചു വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് പൃഥ്വിരാജ്
അഞ്ചു വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് നടൻ പൃഥ്വിരാജ്. തനിക്കറിയാവുന്ന സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നറിയില്ല. ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് ഒരു പ്രമുഖ വാർത്താമാധ്യമത്തോട് പറഞ്ഞു. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഒരു പാട് പേർ ഭാവനയോട് ഇതിനു മുന്‍പ് ചോദിച്ചിട്ടുണ്ട്. ഇപ്പോൾ അവർ സ്വയം റെഡിയായി സിനിമയിലേക്ക് വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ ഈ അഞ്ചു വർഷം കൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാലോകം എന്നു പറയുന്നത് ഒരേ പോലെ ഒരു ലോകത്തിൽ ജീവിക്കുന്ന ആൾക്കാരല്ല. ഞാൻ സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്‍റെയൊരു ലോകമുണ്ട്. എനിക്കാ ലോകമേ അറിയൂ. ആ വേൾഡിലുള്ളവർ ഭാവന തിരികെ സിനിമയിലേക്ക് വരുന്നവർ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്കറിയില്ല. ഞാൻ ജീവിക്കുന്ന എന്‍റെ ഒരു ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവിനെ ആരാധനയോടെ നോക്കിക്കാണുന്നവരാണ്...പൃഥ്വിരാജ് പറഞ്ഞു.
ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകൻ. ബോൺഹോമി എന്‍റർടൈൻമെന്റ്സിന്‍റെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദറാണ് ചിത്രം നിർമിക്കുന്നത്.
അതിനിടെ ഒടിടി തിയറ്ററുകൾക്ക് ഭീഷണിയല്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. ആരെ വിലക്കിയാലും ഒടിടി നിലനിൽക്കും. കോവിഡ് വന്നതുകൊണ്ട് ഉണ്ടായ പ്രതിഭാസം അല്ല ഓൺലൈൻ പ്ലാറ്റ്ഫോം . ഒടിടി ഉള്ളതുകൊണ്ട് തീയറ്റർ വ്യവസായം ഇല്ലാതാകില്ലെന്നും ആളുകൾ ഒടിടിയിലേക്ക് വരുന്നുണ്ടെങ്കിൽ അതിന് കാരണം തിയറ്റർ ഉടമകൾ തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
