ഐപിൽ താര ലേലം: ഷാരൂഖിന് പകരം ഇത്തവണ ലേലത്തിൽ പങ്കെടുക്കാൻ എത്തിയത് മക്കൾ

ഐ.പിഎൽ മെഗാ താരലേലം ബാംഗ്ലൂരിൽ പുരോഗമിക്കുകയാണ്.ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലേലത്തിൽ കളിക്കാരോടൊപ്പം താരങ്ങളാവുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓക്ഷൻ ടേബിളിലുള്ളവരും. കൊൽക്കത്തയ്ക്ക് വേണ്ടി സാധാരണ ലേലത്തിൽ പങ്കെടുക്കാറുള്ള ഷാരൂഖ് ഖാന് പകരം മക്കളായ ആര്യനും സുഹാനയുമാണ് ഇന്ന് എത്തിയത്. മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയതിന് ശേഷം ആദ്യമായാണ് ആര്യൻഖാൻ പൊതുവേദിയിൽ പ്രത്യക്ഷനാവുന്നത്.
അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ആരംഭിച്ചു.ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസിലെത്തിയപ്പോൾ ഫാഫ് ഡ്യൂപ്ലസിസിനെ 7 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി.മുഹമ്മദ് ഷമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ക്വിന്റൻ ഡീക്കോക്കിനെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് ശ്രേയസ് അയ്യരെ കൊൽക്കത്ത ടീമിലെത്തിച്ചപ്പോൾ ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കി.9.25 കോടിക്ക് റബാദയെയും 8.25 കോടിക്ക് ധവാനെയും രവിചന്ദ്ര അശ്വിനെ 5 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു.പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.
ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്നോ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുക. 20 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ അടിസ്ഥാന വിലയുള്ള താരങ്ങൾ ഉണ്ട്. ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ദീപക് ചഹാർ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശർദുൽ ഠാക്കൂർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.