മലപ്പുറം കുറ്റിപ്പുറത്ത് ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി


മലപ്പുറം കുറ്റിപ്പുറത്ത് ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് നിരോധിത പുകയില ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ഫാക്ടറിയിൽ നിർമ്മിക്കുന്ന ലഹരി വസ്തുക്കൾ അയൽ ജില്ലകളിലേക്കുൾപ്പെടെ എത്തിച്ച് നൽകുന്നതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയിൽ നിരോധിത പുകയില ഉത്പ്പങ്ങൾ വ്യാപകമായി വിൽപ്പന നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് മാസം മുമ്പ് വേങ്ങരയിൽ നിന്ന് ഇത്തരത്തിൽ ലഹരി നിർമ്മാണ് ഫാക്ടറി കണ്ടെത്തിരുന്നു. തുടർന്ന് പോലീസ് ഫാക്ടറി സീൽ ചെയ്യുകയായിരുന്നു. ഇതിന് ശേഷവും ജില്ലയിൽ ലഹരി വ്യാപകമായി വിപണിയിലെത്തുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടുകാർ തന്നെ എടച്ചിലം കുന്നുംപുറത്ത് ഇത്തരത്തിൽ ഒരു ഫാക്ടറി കണ്ടെത്തുന്നത്. പുകയില ഉത്പന്നങ്ങളുടെ ലോഡ് വരുന്ന സമയത്ത് നാട്ടുകാർ ഇത് കാണുകയും ഇവരെ തടഞ്ഞുവെക്കുകയുമായിരുന്നു.പോലീസ് എത്തുമ്പോഴേക്കും ഫാക്ടറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടിരുന്നു. പട്ടാമ്പി കുന്നത്തു തൊടിയിൽ മുഹമ്മദ് ആണ് കെട്ടിടം വാടകക്കെടുത്ത് ഇത്തരത്തിൽ ഫാക്ടറി നടത്തിയതെന്നാണ് വിവരം. ഫാക്ടറിയിൽ നിന്ന് ലഹരി വസ്തുക്കളുും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു.

ഇത്തരത്തിൽ വൻ തോതിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന ഫാക്ടറികൾക്ക് പിന്നിൽ വലിയൊരു സംഘമെന്നാണ് പോലീസിന്റെ നിഗമനം. രക്ഷപ്പെട്ടവരെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

You might also like

Most Viewed