സിനിമാ ലോകം കാത്തിരുന്ന വെളിപ്പെടുത്തൽ; രജനീകാന്തിന്റെ ആത്മകഥ ഉടൻ പുറത്തിറങ്ങും
ഷീബ വിജയൻ
തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് തന്റെ ആത്മകഥ രചിക്കുന്ന വാർത്ത സ്ഥിരീകരിച്ച് മകൾ സൗന്ദര്യ രജനീകാന്ത്. കഠിനാധ്വാനം കൊണ്ട് സ്വന്തം വഴി വെട്ടിത്തെളിച്ച ഒരു മനുഷ്യന്റെ ആവേശം നിറഞ്ഞ ജീവിതയാത്രയായിരിക്കും പുസ്തകമെന്ന് സൗന്ദര്യ വിശേഷിപ്പിച്ചു. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് താരം ആത്മകഥയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
ബെംഗളൂരുവിലെ ബസ് കണ്ടക്ടറിൽ നിന്നും ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി വളർന്ന രജനീകാന്തിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത വഴിത്തിരിവുകളും കരിയറിലെ വെല്ലുവിളികളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ഓരോ വേഷത്തിനും ജീവിതത്തിനും വേണ്ടി അദ്ദേഹം നടത്തിയ കഠിനപ്രയത്നങ്ങൾ ഈ ആത്മകഥയിലൂടെ ലോകത്തിന് മുന്നിലെത്തും. ഇത് ആഗോളതലത്തിൽ തന്നെ ചർച്ചയാകുമെന്ന് സൗന്ദര്യ പ്രത്യാശ പ്രകടിപ്പിച്ചു.
നേരത്തെ, 'കൂലി' എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ഇടവേളകളിൽ രജനീകാന്ത് എഴുതാറുണ്ടെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുടുംബത്തിൽ നിന്ന് തന്നെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. നിലവിൽ നെൽസൺ ദിലീപ്കുമാറിന്റെ 'ജയിലർ 2'ന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. ഇതിന് പുറമെ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന 'തലൈവർ 173' എന്ന ചിത്രവും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
dasadsdass


