പിന്നണി ഗാനരംഗത്തുനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജിത് സിംഗ്
ശാരിക I സിനിമ I മുംബൈ:
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ പ്രണയത്തിനും വിരഹത്തിനും ശബ്ദം നൽകിയ അർജിത് സിംഗ് പിന്നണി ഗാനരംഗത്തു നിന്നും വിരമിക്കുന്നു. ഇനി മുതൽ സ്വന്തമായി സംഗീതം സൃഷ്ടിക്കുന്നതിലും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അർജിത്തിന്റെ തീരുമാനം. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് 38-കാരനായ അർജിത് സിംഗ് ഈ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന താരം, ഇത്രയും കാലം ഒരു ശ്രോതാവെന്ന നിലയിൽ തനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി പറയുന്നതായും പിന്നണി ഗായകനെന്ന രീതിയിൽ പുതിയ അസൈൻമെന്റുകളൊന്നും ഇനി ഏറ്റെടുക്കില്ലെന്നും അറിയിച്ചു. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണി ടിവിയിലെ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് അർജിത് സിംഗ് ശ്രദ്ധിക്കപ്പെട്ടത്. അന്ന് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മുംബൈയിൽ തുടരാൻ ആ ഷോ അർജിത്തിന് പ്രചോദനമായി.
മുർഷിദാബാദിൽ വളർന്ന അർജിതിനെ മൂന്ന് വയസ്സുമുതൽ മാതാവ് ശാസ്ത്രീയ സംഗീതം അഭ്യസിപ്പിച്ചിരുന്നു. ഗുരുവായ രാജേന്ദ്ര പ്രസാദ് ഹസാരിയുടെ നിർദ്ദേശപ്രകാരമാണ് അർജിത് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. കുറച്ചുകാലം ബംഗാളി സിനിമകളിൽ പ്രവർത്തിച്ച ശേഷം സംഗീത സംവിധായകൻ പ്രീതത്തിന്റെ അസിസ്റ്റന്റായി ജോലി ചെയ്യാൻ തുടങ്ങിയത് അർജിത്തിന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. "തും ഹി ഹോ" , "കബീറ", "ചന്ന മേരേയ", "കേസരിയ" തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അർജിത് ബോളിവുഡിന് സമ്മാനിച്ചു.
അടുത്തിടെ അന്താരാഷ്ട്ര പോപ്പ് താരം എഡ് ഷീരനുമായും അദ്ദേഹം സഹകരിച്ചിരുന്നു. സംഗീത സംവിധാനവും പ്രോഗ്രാമിംഗുമാണ് തന്റെ യഥാർത്ഥ ലക്ഷ്യമെന്ന് അർജിത് നേരത്തെ വ്യക്തമാക്കിയിരുന്നു. 2013-ൽ ജാവേദ് അക്തറുമായുള്ള സംഭാഷണത്തിൽ തനിക്ക് സംഗീത സംവിധായകനാകാനാണ് ആഗ്രഹമെന്ന് തുറന്നു പറഞ്ഞപ്പോൾ, ആദ്യം ഗായകനാകാനും അതിനുശേഷം സംഗീത സംവിധായകനാകാം എന്നുമായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഉപദേശം. ആ ഉപദേശം പിന്തുടർന്ന അർജിത് ഇപ്പോൾ തന്റെ സ്വപ്നത്തിലേക്ക് മടങ്ങുകയാണ്.
ബോളിവുഡ് സംഗീതത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നതെങ്കിലും ഒരു സംഗീത സംവിധായകനായും സ്വതന്ത്ര കലാകാരനായും അർജിത് സംഗീത ലോകത്ത് സജീവമായി തുടരും.
hfhf


