തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് കെഎസ് ചിത്രയുടെ ഭർത്താവ്

വട്ടിയൂർക്കാവിലെ ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ. തനിക്കെതിരെ ആരോപണം ഉയർത്തിയത് പ്രമോദ് എന്നയാളാണെന്നും, പൊലീസ് രജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുതീർക്കുന്നതിനുള്ള സമ്മർദ്ദ തന്ത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിക ജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയാണ് പ്രമോദ്. ഇയാൾക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോം നഴ്‌സിനെ ആക്രമിച്ചെന്നും, വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേർന്ന് ആക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് സാന്പത്തികമായതോ അല്ലാത്തതോ ആയ കാര്യങ്ങളിൽ ഒരു ഇടപാടും തനിക്ക് ഇല്ലെന്നും വിജയ് ശങ്കർ പറഞ്ഞു. തന്റെയും ഭാര്യയുടെയും പേർ അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2008ലായിരുന്നു ഫ്‌ളാറ്റിന്റെ നിർമാണം ആരംഭിച്ചത്. 2010ൽ കെട്ടിട നിർമാതാവ് മുങ്ങി. ഇതോടെ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പണികൾ പൂർത്തിയാക്കാൻ മുൻകൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഫ്‌ളാറ്റ് വാങ്ങിയവരെ വിജയ് ശങ്കർ ഭീഷണിപ്പെടുത്തുന്നെന്നും ബിൽഡർക്കു കൂടുതൽ പണം വാങ്ങി നൽകാൻ നിർബന്ധിക്കുന്നു എന്നുമാണ് ആക്ഷേപം.