അന്താരാഷ്ട്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ജലസമാധി ’

നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി സംവിധായകൻ വേണു നായർ ഒരുക്കിയ ചിത്രം ‘ജലസമാധി’. സെപ്റ്റംബർ 30−ന് ലോസ് ആഞ്ചൽസിൽ നടന്ന ഹോളിവുഡ് ബ്ലഡ് ഹൊറർ മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
കാനഡയിൽ നടന്ന ബ്രിഡ്ജ് ഫെസ്റ്റ് ചലച്ചിത്ര മേളയിലും ഫ്രാൻസിൽ നടന്ന മോണ്ട് ബ്ലാങ്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മികച്ച ചിത്രമായി ജലസമാധി തിരഞ്ഞെടുത്തിരുന്നു. റോം ഇന്റർനാഷണൽ ചലച്ചിത്ര അവാർഡ് മേളയിലും പോർച്ചുഗൽ ലിസ്‌ബോൺ ചലച്ചിത്ര മേളയിലും ചിത്രം പ്രത്യേക പരാമർശത്തിന് അർഹമായി. ജാർഖണ്ധ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, സ്വീഡൻ ചലച്ചിത്ര അവാർഡ് മേളയിലും, സിംഗപൂരിലെ ക്രിയെടർ ഇൻ ക്രിസിസ് മേളയിലും ഔദ്യോഗികമായി തിരഞ്ഞെടുത്തിരുന്നു.
അന്താരാഷ്ട്രതലത്തിൽ 49 ചലച്ചിത്രമേളകളിൽ നിന്നായി 44 പുരസ്‌കാരങ്ങൾ ജലസമാധി ഇതിനോടകം നേടി. സമകാലിക സമൂഹത്തെ ബാധിക്കുന്ന അസ്വസ്ഥജനകമായ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.