അവിശ്വസനീയം, ഈ ആലപ്പുഴക്കാരന്റെ ജീവിതം


മനാമ

പ്രദീപ് പുറവങ്കര

കൽക്കത്തയിലെ ഒരു പാതയോരത്ത് ഓടയിലൂടെ ഒഴുകിയെത്തുന്ന റൊട്ടിയുടെ കഷ്ണങ്ങളെ കാത്തിരിക്കുന്ന എട്ടുവയസുകാരനായ ബാലനെ കണ്ട അനുഭവം പറയുമ്പോൾ ആലപ്പുഴ ജില്ലയിലെ പള്ളിപാട് നിന്ന് അമേരിക്കൻ സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന പദവിയിലെത്തിയ ഫാദർ അലക്സാണ്ടർ ജെ കുര്യന്റെ കണ്ണുകളിൽ നനവ് പൊടിയുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ പള്ളിപാട് നിന്ന് തന്റെ മാതാപിതാക്കളുടെ ആറാമത്തെ മകനായി കഷ്ടപാടിന്റെ കൊടുമുടി കയറി ആറ് അമേരിക്കൻ പ്രസിഡണ്ടുമാരുടെ ഒപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ച ഫാദർ കുര്യൻ തന്റെ ജീവിതവഴിയിൽ നേരിട്ട വേദനകളെ കുറിച്ച് മറന്നുപോകാത്ത വ്യക്തിയായത് കൊണ്ട് തന്നെ ആ കണ്ണീർ സ്വാഭാവികമായിരുന്നു.

തന്റെ സ്വന്തം ജീവിതം ബാക്കി വെക്കുന്ന അവിസ്മരണീയമായ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൂടെ ഓർമ്മകളായി കൂടെയുള്ളത്. യു.എസ്.എ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായ അദ്ദേഹം ബഹ്റൈനിലെത്തിയത് ഇവിടെയുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ എക്യൂമെനിക്കൽ കോൺഫറൻസിനും ടീനേജെഴ്സ് കൗൻസിലിങ്ങിനും പങ്കെടുക്കാനാണ്. ഇറാഖ് യുദ്ധത്തിനിടെ അദ്ദേഹം നേരിട്ട റോക്കറ്റ് അക്രമണത്തിന്റെ അനുഭവം ഒരു സിനിമ കഥ പോലെയാണ് കേട്ടത്. അമേരിക്കൻ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അവിടെയെത്തിയ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനുനേരെ അപ്രതീക്ഷിതമായി ഉണ്ടായ റോക്കറ്റ് അക്രമണത്തിൽ അദ്ദേഹമടക്കം 15 പേരടങ്ങുന്ന സംഘത്തിലെ 13 പേരാണ് കൺമുന്നിൽ മരിച്ചുവീണത്. സാരമായി പരിക്കേറ്റ ഫാ. അലക്സാണ്ടർ മരിച്ചരീതിയിൽ കിടന്നതുകൊണ്ട് മാത്രം അക്രമം നടത്തിയവരിൽ നിന്ന് രക്ഷപ്പെട്ടു. അതിന് ശേഷം ഒരു കാതിന്റെ കേൾവിയടക്കം ഫാദർ കുര്യന് നഷ്ടമാവുകയും ചെയ്തു.

1978ലാണ് 16ാമത്തെ വയസ്സിലാണ് ഹൈസ്കൂൾ പഠനം കഴിഞ്ഞ് അലക്സാണ്ടർ അമേരിക്കയിൽ നഴ്‌സായിരുന്ന മൂത്തസഹോദരിയുടെ അടുത്തേക്ക് പോകുന്നത്. തുടർപഠനം കഴിഞ്ഞ് 1987ൽ പൗരോഹിത്യം സ്വീകരിച്ചു. അതിന് മുമ്പ് വലിയൊരു അപകടത്തിൽ പെട്ട് ഒമ്പത് മാസത്തോളം ശരീരം തളർന്ന് പോയ അദ്ദേഹത്തിന് അതിശയകരമായ അനുഭവത്തിലൂടെ ജീവിതം തിരികെ ലഭിച്ചു. 1998 മുതൽ വൈറ്റ് ഹൗസിൽ നിയമിതനായ അദ്ദേഹം ഇതുവരെയായി 19ഓളം പ്രധാന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്റർനാഷനൽ പ്രോഗ്രാമുകൾ കൈകാര്യംചെയ്തു. 147 രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. 138 പുതിയ യു.എസ് എംബസികളും കോൺസുലേറ്റുകളും നിർമിക്കുന്നതിന് മുൻകൈയെടുത്തു. നയതന്ത്രവേദികൾ സ്ഥാപിക്കുന്നതിനായി 15 മാസം ഇറാഖിലും 18 മാസം അഫ്ഗാനിസ്താനിലും ചെലവഴിച്ചു. 2014 ൽ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സിവിൽ സർവിസിന്റെ ഏറ്റവും ഉയർന്ന റാങ്കുള്ള വ്യക്തിയായി. ഇപ്പോൾ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ സേവനമനുഷ്ഠിക്കുന്നു.

 

article-image

a

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed