ഫോർമുല വൺ മത്സരങ്ങൾ വിജയകരം; ബഹ്റൈൻ മന്ത്രിസഭ യോഗം ചേർന്നു


ഫോർമുല വൺ മത്സരങ്ങൾ വൻവിജയകരമായി പൂർത്തീകരിച്ചതിന്‍റെ ആഹ്ലാദം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം പങ്കുവെച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് പ്രത്യേകം നന്ദിയറിയിച്ചു. കായിക മേഖലയിലും സാമ്പത്തിക മേഖലയിലും ഉണർവേകാൻ ഇത്തരം മത്സരങ്ങൾ കാരണമാകുമെന്നും കാബിനറ്റ് വിലയിരുത്തി. യു.എൻ ജനറൽ അസംബ്ലി നേതൃയോഗത്തിന് ബഹ്റൈൻ വേദിയാവുന്നതിനെ സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഇത്തരമൊരു സമ്മേളനത്തിന് ബഹ്റൈൻ ഇതാദ്യമായി വേദിയാവുന്നത്.

സാഖിർ മരുഭൂമിയിലെ ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന ബഹ്റൈൻ ഗ്രാൻഡ്പ്രീ കാറോട്ടമത്സരം വിനോദസഞ്ചാരമേഖലക്ക് സമ്മാനിച്ചത് വൻ ഉണർവാണ്. പതിനായിരത്തിലധികം വിനോദസഞ്ചാരികൾ മത്സരം കാണാനായി വിവിധ രാജ്യങ്ങളിൽനിന്നെത്തിയെന്നാണ് സംഘാടകരുടെ കണക്ക്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് തുടങ്ങിയതിനു ശേഷമുണ്ടായ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് കഴിഞ്ഞ ദിവസം ദർശിച്ചത്. 99,500ലധികം പേരാണ് മൂന്നു ദിവസങ്ങളിലായി മത്സരം കാണാനെത്തിയത്. ഫൈനൽ ദിവസം 36,000ത്തിലധികം പേരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്റർനാഷനൽ സർക്യൂട്ട്, അന്താരാഷ്ട്ര മത്സരവേദിയായി അതിവേഗം മാറുന്നതിന്റെ തെളിവാണിതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. മിഡിലീസ്റ്റിലെ മോട്ടോർ സ്പോർട്ടിന്റെ ഹോം സിറ്റിയായി ബി.ഐ.സിയെ മാറ്റുകയാണ് ലക്ഷ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed