ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ബഹ്‌റൈൻ ചേംബർ; വിതരണ ശൃംഖല സുഗമമാക്കാൻ വിപുലമായ നടപടികൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല സുഗമമായി നിലനിർത്തുന്നതിനും വിപണിയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിനും സർക്കാർ ഏജൻസികളുമായി ചേർന്ന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഭക്ഷ്യമേഖലാ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ മുതലെടുത്തുള്ള ചൂഷണം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യ ഇറക്കുമതിക്കാർ, കസ്റ്റംസ്, പോർട്ട് അതോറിറ്റി, ഗൾഫ് എയർ, ആരോഗ്യ മന്ത്രാലയം തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ വിപുലമായ വെർച്വൽ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത്. വിപണിയിൽ അടിസ്ഥാന സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നേരിട്ട് നടത്തുന്ന ഇടപെടലുകൾ ഈ പ്രവർത്തനങ്ങൾക്ക് വലിയ ആവേശം നൽകുന്നതായി അദ്ദേഹം പറഞ്ഞു.

മേഖലയിലെ ഷിപ്പിംഗ് രംഗത്തെ വെല്ലുവിളികളും യോഗം ചർച്ച ചെയ്തു. ചില പ്രാദേശിക തുറമുഖങ്ങളിൽ നേരിടുന്ന ലോഗിസ്റ്റിക് പ്രശ്നങ്ങൾ മറികടക്കാൻ ബദൽ തുറമുഖങ്ങൾ ഉപയോഗിക്കുന്നതും അവിടെനിന്ന് റോഡ് മാർഗ്ഗം സാധനങ്ങൾ ബഹ്‌റൈനിൽ എത്തിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നു വന്നു. റഫ്രിജറേറ്റഡ് കണ്ടെയ്‌നറുകളുടെ ആവശ്യകത, കസ്റ്റംസ് നടപടികൾ വേഗത്തിലാക്കൽ എന്നിവയും ചർച്ചയായി.

ഏത് സാഹചര്യത്തിലും രാജ്യത്ത് ഭക്ഷ്യലഭ്യത ഉറപ്പാക്കുമെന്നും വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഷിപ്പിംഗ് കമ്പനികളുമായും മറ്റ് ഏജൻസികളുമായും നിരന്തരമായ ഏകോപനം തുടരുമെന്നും ഖാലിദ് അൽ അമീൻ കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും വിപണി പൂർണ്ണമായും സുരക്ഷിതമാണെന്നും അദ്ദേഹം ഉറപ്പുനൽകി.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed